ഗ്രാമ പഞ്ചായത്തിന്റെ ചരിത്രം
ഗ്രാമ പഞ്ചായത്തിൻറെ ചരിത്രം
പമ്പാ നദിയുടെ തീരത്ത് സ്ഥിതി ചെയ്യുന്ന ഒരു കൊച്ചു ഗ്രാമമാണ് തോട്ടപ്പുഴശ്ശേരി. തോടും പുഴയും അതിൻറെ ചേരി പ്രദേശങ്ങളും ചേർന്ന സ്ഥലമായതിനാലാവാം ഈ പ്രദേശത്തെ തോട്ടപ്പുഴശ്ശേരി എന്ന പേരിൽ അറിയപ്പെടുന്നത്.
ചരിത്ര പശ്ചാത്തലം കൊണ്ടും പ്രകൃതി സൗന്ദര്യം കൊണ്ടും അനുഗ്രഹീതമാണ് തോട്ടപ്പുഴശ്ശേരി ഗ്രാമം. ദീർഘമായ പമ്പാ നദീതീരം പഞ്ചായത്തിന്റെ ഭാഗ്യമാണ്. തോടുകൾ പുഴയോടു സംഗമിക്കുന്ന സ്ഥലവും അതിൻറെ ചേരി പ്രദേശങ്ങളും ചേർന്ന പ്രദേശമായതിനാലാണ് ഈ സ്ഥലത്തിന് തോട്ടപ്പുഴശ്ശേരി എന്ന പേര് വന്നത് എന്നാണ് ഐതിഹ്യം.
തെക്കുംകൂർ രാജ്യത്തിന്റെ തെക്കേ അതിർത്തി പ്രദേശങ്ങളായ അയിരൂർ, തോട്ടപ്പുഴശ്ശേരി, കോയിപ്രം തുടങ്ങിയ പകുതികൾ ചരിത്രഗ്രന്ഥങ്ങളിൽ സ്ഥാനം പിടിച്ചിട്ടുള്ളവയാണ്.
മാരാമൺ പള്ളിക്കും സ്കൂളിനും പടിഞ്ഞാറ് ഭാഗത്തായി കോട്ടകൊത്തളങ്ങളും എടുപ്പുകളും ഉള്ള ഉന്നത സൗധങ്ങളിൽ ഇടപ്രഭുക്കന്മാർ വാണിരുന്നു. ഇന്ന് ആ പ്രദേശം "കോട്ടപ്പുരയിടം" എന്ന പേരിൽ അറിയപ്പെടുന്നു.
മാർത്താണ്ഡവർമ്മ മഹാരാജാവും രാമയ്യൻ ദളവായും നടത്തിയ ആറന്മുള യുദ്ധം ചരിത്രപ്രസിദ്ധമാണ്. യുദ്ധം നടന്ന "പൂവത്തൂർ പടനിലം" ഈ ഗ്രാമത്തിലാണ് സ്ഥിതി ചെയ്യുന്നത്.
ഗോവിന്ദൻ രചിച്ച "തിരുവാറന്മുള ക്ഷേത്രം" എന്ന ഗ്രന്ഥത്തിൽ തോട്ടപ്പുഴശ്ശേരി, മാരാമൺ, നെടുമ്പ്രയാർ, കുറിയന്നൂർ എന്നീ പ്രദേശങ്ങളെ കുറിച്ച് പരാമർശിച്ചിട്ടുണ്ട്.
വൈഷ്ണവർ ദിവ്യമായി കരുതുന്ന 108 പുണ്യസ്ഥലങ്ങളിൽ ആറന്മുളയും ഉൾപ്പെടുന്നു. തെക്കുംകൂർ രാജാക്കന്മാരുടെ പ്രധാന ക്ഷേത്രവും ഇതായിരുന്നു.
പമ്പാനദിയുമായി ബന്ധപ്പെട്ട ഐതിഹ്യങ്ങളും, തോണിപ്പുഴക്കവലയും, ചരിത്രപ്രസിദ്ധമായ "ആറന്മുള ഉത്രട്ടാതി വള്ളംകളി"യും തോട്ടപ്പുഴശ്ശേരിയുടെ ചരിത്രപാരമ്പര്യത്തിന് മാറ്റുകൂട്ടുന്നു.