ഓപ്പറേഷൻ തൂഫാൻ 2.0
ഓപ്പറേഷൻ തൂഫാൻ 2.0 കേരളത്തിൽ ലഹരി ഉപയോഗവും ലഹരി വസ്തുക്കളുടെ വ്യാപനവും തടയുന്നതിനായി ആരംഭിക്കുന്ന വിപുലമായ ലഹരി വിരുദ്ധ ജനകീയ ക്യാമ്പയിനാണ്. 2026 സെപ്റ്റംബർ 28-ന് മലപ്പുറം ജില്ലയിലെ വേങ്ങരയിൽ ക്യാമ്പയിൻ പ്രവർത്തനങ്ങൾക്ക് തുടക്കം കുറിച്ചു.
ക്യാമ്പയിൻ്റെ പ്രധാന സന്ദേശം “ഞാൻ എൻ്റെ നാടിൻ്റെ കാവലാൾ” എന്നതാണ്. സ്വന്തം പ്രദേശത്തെ ലഹരി മുക്തമാക്കുന്നതിൽ ഓരോ പൗരനും ഉത്തരവാദിത്തത്തോടെ പങ്കാളിയാകുക എന്നതാണ് ഇതിലൂടെ ലക്ഷ്യമിടുന്നത്.
ആഭ്യന്തര വകുപ്പും തദ്ദേശ സ്വയംഭരണ വകുപ്പും സംയുക്തമായി നേതൃത്വം നൽകുന്ന ക്യാമ്പയിനിൽ കേരള പോലീസ്, എക്സൈസ് വകുപ്പ് എന്നിവയുടെ സഹകരണവും ഉണ്ടാകും. ലഹരി വിരുദ്ധ പ്രവർത്തനങ്ങൾ പ്രാദേശിക തലത്തിലേക്ക് വ്യാപിപ്പിക്കുന്നതിൻ്റെ ഭാഗമായി പ്രത്യേക ഗ്രാമസഭകളും വാർഡ് തല ജാഗ്രതാ സമിതികളും രൂപീകരിച്ച് പ്രവർത്തനങ്ങൾ ശക്തിപ്പെടുത്തും. സംസ്ഥാനത്തെ എല്ലാ തദ്ദേശ സ്വയംഭരണ വാർഡുകളിലേക്കും ക്യാമ്പയിൻ്റെ പ്രവർത്തനങ്ങൾ എത്തിക്കും.
കുടുംബശ്രീ, ഹരിത കർമ്മസേന, ആശാ പ്രവർത്തകർ, വികസിത് ഭാരത് ഗ്യാരൻ്റി ഫോർ റോസ്ഗർ ആൻഡ് അജീവിക മിഷൻ (ഗ്രാമീൺ)' തൊഴിലാളികൾ, പ്രാദേശിക സന്നദ്ധ പ്രവർത്തകർ തുടങ്ങിയവരുടെ സജീവ പങ്കാളിത്തവും ക്യാമ്പയിനിൽ ഉറപ്പാക്കും. ഇവരോടൊപ്പം പ്രവർത്തിക്കുന്ന സന്നദ്ധ പ്രവർത്തകരെ “തൂഫാൻ വാരിയേഴ്സ്” എന്ന പേരിൽ ഉൾപ്പെടുത്തും.
ലഹരി മാഫിയക്കെതിരായ നിയമനടപടികൾ ശക്തമാക്കുന്നതിനൊപ്പം, ലഹരി ഉപയോഗത്തിനുള്ള ആവശ്യകത കുറയ്ക്കുക, ബോധവൽക്കരണം നടത്തുക, വിദഗ്ധരുടെ മാനസികാരോഗ്യ കൗൺസിലിംഗ് ലഭ്യമാക്കുക, ലഹരി ഉപയോഗത്തിൽ നിന്ന് മോചനം നേടുന്നവർക്ക് പുനരധിവാസവും തുടർപരിചരണവും ഉറപ്പാക്കുക എന്നിവയും ക്യാമ്പയിന്റെ പ്രധാന ലക്ഷ്യങ്ങളാണ്.
ലഹരി വിരുദ്ധ പ്രവർത്തനങ്ങളിൽ സർക്കാർ സംവിധാനങ്ങൾക്കൊപ്പം സമൂഹത്തിലെ ഓരോ വിഭാഗത്തിൻ്റെയും പങ്കാളിത്തം ഉറപ്പാക്കി ലഹരി മുക്തമായ ഒരു കേരളം സൃഷ്ടിക്കുകയാണ് ഓപ്പറേഷൻ തൂഫാൻ 2.0 ലക്ഷ്യമിടുന്നത്.
തോട്ടപ്പുഴശ്ശേരി ഗ്രാമപഞ്ചായത്തിന്റെ നേതൃത്വത്തിൽ ലഹരി വിരുദ്ധ ജനകീയ ക്യാമ്പയിൻ്റെ ഭാഗമായി “ഓപ്പറേഷൻ തൂഫാൻ 2.0” സംഘടിപ്പിക്കുന്നു. 2026 സെപ്റ്റംബർ 28-ന് രാവിലെ 11 മണിക്ക് തോട്ടപ്പുഴശ്ശേരി ഗ്രാമപഞ്ചായത്ത് ഹാളിൽ പരിപാടി നടക്കും. ലഹരിക്കെതിരെ കൈകോർക്കാം എന്ന സന്ദേശവുമായി സംഘടിപ്പിക്കുന്ന പരിപാടിയുടെ ഉദ്ഘാടനം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ശ്രീമതി എൽസി ക്രിസ്റ്റഫർ നിർവഹിക്കും.