ഗ്രാമ പഞ്ചായത്തിന്റെ ചരിത്രം

പമ്പാ നദിയുടെ തീരത്ത് സ്ഥിതി ചെയ്യുന്ന ഒരു കൊച്ചു ഗ്രാമമാണ് തോട്ടപ്പുഴശ്ശേരി. തോടും പുഴയും അതിന്റെ ചേരി പ്രദേശങ്ങളും ചേര്‍ന്ന സ്ഥലമായതിനാലാവാം ഈ പ്രദേശത്തെ തോട്ടപ്പുഴശ്ശേരി എന്ന പേരില്‍ അറിയപ്പെടുന്നത്. ചരിത്ര പശ്ചാത്തലം കൊണ്ടും പ്രകൃതി സൌന്ദര്യം കൊണ്ടും അനുഗ്രഹീതമാണ് തോട്ടപ്പുഴശ്ശേരി ഗ്രാമം. ദീര്‍ഘമായ പമ്പാ നദിതീരം പഞ്ചായത്തിന്റെ ഭാഗ്യമാണ്. തോടുകള്‍ പുഴയോടു സംഗമിക്കുന്ന സ്ഥലവും അതിന്റെ ചേരി പ്രദേശങ്ങളും ചേര്‍ന്ന സ്ഥലവുമായതിനാലാണ് ഈ പ്രദേശത്തിന് തോട്ടപ്പുഴശ്ശേരി എന്ന് പേര് വന്നത് എന്നാണ് ഐതിഹ്യം. തെക്കുംകൂര്‍ രാജ്യത്തിന്റെ തെക്കേ അതിര്‍ത്തി സ്ഥലങ്ങളില്‍ അയിരൂര്‍, തോട്ടപ്പുഴശ്ശേരി, കോയിപ്രം തുടങ്ങിയ പകുതികള്‍ അഥവാ പകുതി കച്ചേരികള്‍ ചരിത്രഗ്രന്ഥങ്ങളില്‍ സ്ഥാനം പിടിച്ചിട്ടുള്ളവയാണ്. മാരാമണ്‍ പള്ളിക്കും സ്കൂളിനും പടിഞ്ഞാറു ഭാഗത്ത് കോട്ടകൊത്തളങ്ങളും എടുപ്പുകളും ഉള്ള ഉന്നത സൌധങ്ങളില്‍ പ്രതാപ ഐശ്വര്യങ്ങളോടെ ഇടപ്രഭുക്കന്‍മാര്‍ വാണിരുന്നു. ഇന്ന് മാരാമണ്‍ പളളിക്കു പടിഞ്ഞാറുള്ള പ്രദേശം കോട്ടപ്പുരയിടം എന്ന പേരില്‍ അറിയപ്പെടുന്നു. മാര്‍ത്താണ്ഡവര്‍മ്മ മഹാരാജാവും, രാമയ്യന്‍ ദളവായും നടത്തിയ ആറന്‍മുള യുദ്ധം തലമുറകള്‍ കൈമാറുന്ന സംഭവമാണ്. യുദ്ധം നടന്ന ‘പൂവത്തൂര്‍ പടനിലം’ എന്ന പേരില്‍ അറിയപ്പെടുന്ന സ്ഥലം ഈ ഗ്രാമത്തിലാണ്. 700 വര്‍ഷങ്ങള്‍ക്കു മുമ്പ് ഗോവിന്ദന്‍ എന്നയാള്‍ രചിച്ച തിരുവാറന്മുള ക്ഷേത്രം എന്ന ഗ്രന്ഥത്തില്‍ തോട്ടപ്പുഴശ്ശേരി, മാരാമണ്‍, നെടുമ്പ്രയാര്‍, കുറിയന്നൂര്‍ എന്നീ പ്രദേശങ്ങളെക്കുറിച്ച് പരാമര്‍ശിച്ചിട്ടുണ്ട്. വൈഷ്ണവര്‍ ദിവ്യമായി കരുതുന്ന 108 പുണ്യാഹങ്ങളില്‍ ആറന്മുളയും ഉള്‍പ്പെടുന്നു. തെക്കുംകൂര്‍ രാജാക്കന്മാരുടെ പ്രധാന ക്ഷേത്രവും ഇതു തന്നെയായിരുന്നു. പഴയ കേന്ദ്രം വെള്ളപ്പൊക്കക്കെടുതികള്‍ അനുഭവിച്ചിരുന്നു. ക്ഷേത്ര പരിസരം മണ്ണിട്ട് ഉയര്‍ത്തുന്നതിനും ഗോപുരം പണിയുന്നതിനും മേല്‍നോട്ടം വഹിച്ചിരുന്നത് ഇന്ന് മാരാമണ്‍ പള്ളിയിരിക്കുന്ന സ്ഥലത്ത് താമസിച്ചിരുന്ന മാളിയേക്കല്‍ കുടുംബമായിരുന്നു. മണ്ണ് എടുത്ത സ്ഥലങ്ങള്‍ മുണ്ടന്‍കുഴി, ഒറ്റാകുഴി, വെട്ടുകുഴി എന്നീ പേരുകളില്‍ ഇന്നും അറിയപ്പെടുന്നു. മണ്ണ് ഇടുന്ന പണിക്കാര്‍ കുട്ടയിലെ മണ്ണു തട്ടിയിട്ടതില്‍ ഉണ്ടായതാണ് “കുട്ടതട്ടിമാലി’ അഥവാ “നിക്ഷേപമാലി” എന്നു വിശ്വസിക്കുന്നു. തെക്കുംകൂര്‍ രാജാവ് വിസ്തൃതമായ ഭൂഭാഗം കരമൊഴിവായി മാളിയേക്കല്‍ കുടുംബത്തിന് ആ ചന്ദ്രതാരം ചെമ്പോലയില്‍ ചാര്‍ത്തി മാറാത്തവണ്ണം കൊടുത്ത “മാറാമണ്ണ്” മാരാമണ്ണായി. നെടുമ്പ്രയാര്‍ കര ദീര്‍ഘമായി അഥവാ നെടുനീളത്തില്‍ പമ്പയാറിനു സമീപം കിടക്കുന്നതു കൊണ്ട് അപ്രകാരം അറിയപ്പെടുന്നു. ചിറയിറമ്പ്-മേല്‍ചിറയുടെ സമീപത്തില്‍ നിന്നും ഉണ്ടായ പേരാണ്. പമ്പാനദി ഒരു കാലത്ത് കുറിയന്നൂര്‍, പുല്ലാട്, പൂവത്തൂര്‍ വഴി ഒഴുകിയെന്നും പിന്നീട് പ്രകൃതി ക്ഷോഭത്താല്‍ ഗതിമാറിയെന്നും ഐതിഹ്യമുണ്ട്. തോണിപ്പുഴക്കവലയ്ക്ക് ആ പേര് അങ്ങനെ വന്നു എന്നു വിശ്വസിക്കപ്പെടുന്നു. പുരാണ സംഭവവുമായി ബന്ധപ്പെട്ട് പമ്പയുടെ വിരിമാറില്‍ നടന്നുവരുന്ന ചരിത്രപ്രസിദ്ധമായ വള്ളംകളിയാണ് “ആറന്മുള ഉതൃട്ടാതി വള്ളംകളി”.